Posts

Showing posts from January, 2022

മണം

മണം "എല്ലാ ആണുങ്ങൾക്കും ഒരേ മണാത്രേ" സാവിത്രി കുലുങ്ങി ചിരിച്ചു. "ആ പിഴച്ചവള് പറേണത് കേട്ട് നീയ്യിങ്ങനെ നടന്നോ..അവറ്റോൾടെ അടുത്ത് കിന്നാരം പറയാൻ പോവരുതെന്ന് പറഞ്ഞിട്ടില്ലേ നെന്നോട്..ദേഹം വിറ്റ് ജീവിക്കുന്നൊരാ.. കണ്മുന്നിൽ കണ്ടാ ആട്ടിപ്പായിക്കാനാ വലിയച്ഛന്റെ ഉത്തരവ്". സരസ്വതി അമ്മായി പിറുപിറുത്തു. മുറ്റത്തിരുന്ന് പുളിങ്കുരു പെറുക്കിക്കൊണ്ടിരുന്ന അഞ്ചു വയസ്സുകാരി പാറുക്കുട്ടി തലയുയർത്തി നോക്കി പറഞ്ഞു. "പക്ഷേ പത്തായപുരേല് ആരും കാണാതെ ഒളിച്ചിരുന്നപ്പോഴൊക്കെ വലിയച്ഛന്റെ മണം പാറുക്കുട്ടിക്ക് ഇഷ്ടായിരുന്നല്ലോ". സാവിത്രീടെ ഉള്ളൊന്ന് കത്തി. കയ്യിലിരുന്ന പിഞ്ഞാണം താഴെ വീണതറിയാതെ സരസ്വതി അമ്മായി അങ്ങനെയേ ഇരുന്നു.യുഗങ്ങളോളം..!!

മാർജ്ജാരം

Image
മാർജ്ജാരം ജീവിതം ഒരു പൂച്ചകുഞ്ഞിനെ പോലെ മുട്ടിയുരുമ്മി കിടന്നു. ചിലപ്പോൾ ഒരു നേർത്ത കരച്ചിലോടെ വീടിനു ചുറ്റും പരതി നടന്നു കോലായിൽ വാലു ചുരുട്ടി വിശ്രമിച്ചു ഭോഗിക്കാനോങ്ങിയ കണ്ടൻ പൂച്ചയെ- വിരട്ടിയോടിച്ചു ചെളി പുരണ്ട കാലും വയറും നക്കിത്തുടച്ചു ഇടവേളകളില്ലാതെ ഒറ്റക്കിരുന്ന്‌ കരഞ്ഞു വീണ്ടും വീണ്ടും കരഞ്ഞു കുറുകെ ചാടിയതിനു സ്വയം പഴിച്ചു  കണ്ടു നിൽക്കുന്നവരുടെ കാലിനിടയിൽ പതുങ്ങി ഇരുന്നു നന്ദിയില്ലാത്തവനായി, ഊരുതെണ്ടിയായി ജീവിച്ചു. കാലങ്ങളോളം ജീവിച്ചു, കരഞ്ഞു, കുഴി തോണ്ടി വിസർജിച്ചു, എണ്ണമില്ലാതെ പെറ്റിട്ടു. ഒടുക്കം, വെളുപ്പാൻ കാലത്ത് വന്ന കാറ്റിലെ ദുർഗന്ധത്തിൽ ആരോടും പറയാതെ അതങ്ങ് തീർന്നു!!                                      ആതിര ശിവദാസ്