വെളുത്ത വാവുകൾ...

വെളുത്ത വാവുകൾ...

 
     "എനിക്ക് ചക്ക കഴിക്കാൻ തോന്നുന്നു" പെട്ടെന്ന് വെളിപാടുണ്ടായതുപോലെ  കട്ടിയുള്ള പുരികങ്ങളുയർത്തി അയാൾ പറഞ്ഞു. ഒരുപാട് ഹിന്ദി സീരിയലുകൾ Retelecast കൾ അടക്കം വിട്ടുപോകാതെ കാണാറുള്ള അയാളുടെ ഭാര്യ അതിനാടകീയമായ രീതിയിൽ ഒന്ന് തിരിഞ്ഞ് നോക്കി. Slow motion ൽ ഒന്നൂടെ...രണ്ടാമതും..വീണ്ടും വീണ്ടും നോക്കി. "അരേ.. നിങ്ങൾക്ക് വട്ടു പിടിച്ചോ ഇത് നിങ്ങളുടെ ഓണം കേറാമൂല അല്ല ബോംബെ ഹെ ബോംബെ". മുഖത്തെ ചാർകോൾ ഫേസ്പാക്ക് ഇളകി വീഴുന്നില്ലെന്ന് ഉറപ്പു വരുത്തിക്കൊണ്ട് അവൾ പറഞ്ഞു. 
"നിന്നെക്കാൾ മുന്നേ ബോംബെ കണ്ടവനാണ് ഞാൻ, എന്നെപഠിപ്പിക്കണ്ട" ഇരുന്നിടത്ത് നിന്ന് ചാടിയെഴുന്നേറ്റു കൊണ്ട് അയാൾ പറഞ്ഞു. ആ സ്ത്രീ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചൊന്നു നോക്കി ഇന്നലെ കണ്ട സിനിമയിലെ അമരീഷ് പുരിയുടെ അതേ ഭാവം. ഇനി മറുത്തൊന്നു പറയുന്നത് തടി കേടാക്കുമെന്ന് മനസിലായ അവൾ ഒന്നു മിണ്ടാതെ തന്റെ ഫേസ്പാക്ക് ഉണങ്ങിയോന്നറിയാൻ കണ്ണാടിയുടെ അടുത്തേക്ക് നടന്നു. അയാൾ മൂന്നു മിനിറ്റിനകം വസ്ത്രം ധരിച്ച് ഫ്ലാറ്റിന്റെ വാതിൽ വലിച്ചടച്ച് പുറത്തേക്കിറങ്ങി നടന്നു. "തെണ്ടിത്തിരിഞ്ഞ്  മടുക്കുമ്പോൾ നിങ്ങളിങ്ങോട്ട് തന്നെ വരും" അയാൾ പോയെന്ന് ഉറപ്പുവരുത്തിയ ശേഷം അവൾ പിറുപിറുത്തു. 
             അയാൾ കാലു നീട്ടി വെച്ച് സരോജിനി നഗറിനടുത്തുള്ള ടാറിട്ട റോഡിലൂടെ ഒറ്റക്ക് നടന്നു. ബോംബെ നഗരത്തിലെ പത്ത് നാൽപ്പത് വർഷങ്ങൾ അയാളുടെ ശ്വാസകോശത്തെയും ശരീരത്തെയും മാത്രമേ സ്വാധീനിച്ചിട്ടുള്ളു. മനസ് അവൾ പറഞ്ഞ ഓണംകേറാമൂലയിലെ തെങ്ങിൻ തൊടികളിലും കുളക്കടവിലും പത്ത് വയസിന്റെ ചെറുപ്പത്തിൽ ഓടിനടക്കുന്നുണ്ട്. ബേൽപൂരിക്കും പാവ് ബാജിക്കുമൊന്നും അമ്മേടെ രുചികൾടെ  ഏഴയലത്തുപോലും എത്താൻ കഴിഞ്ഞിട്ടില്ല. വികൃതി കാട്ടി തല്ല് കിട്ടാതിരിക്കാൻ തട്ടുംപുറത്ത് കയറിയിരിക്കുന്നതും നല്ല പഴുത്തചക്കേടെ മണം വരുമ്പോൾ മെല്ലെ താഴോട്ടിറങ്ങി അടുക്കളയിലേക്ക് ഓടുന്നതുമെല്ലാം ഓർത്തപ്പോൾ അയാളുടെ ചുണ്ടിന്റെ കോണിൽ ഒരു നേരിയ ചിരി പടർന്നു. 
മേടമാസമായാൽ പിന്നെ ചക്കപ്പായസോം ചക്കപ്പുഴുക്കും ചക്കവറുത്തതുമെല്ലാം കൂടെ പൂരമാണ്. അമ്മായിമാരും അമ്മയും മുത്തശ്ശിയും കൂടെ വരാന്തയിൽ വട്ടത്തിലിരുന്ന് ഇരിഞ്ഞെടുക്കുന്ന സ്വർണ്ണ നിറത്തിലെ ചക്കചുളകൾ തിന്നു തീർത്തതിന് യാതൊരു കണക്കുമില്ല. അമ്മ മരിച്ചതിൽ പിന്നെ തറവാട്ടിലേക്ക് പോയിട്ടേയില്ല. പക്ഷേ ഒരുപാട് തിരക്കുള്ള ഈ നഗരത്തിന്റെ ഒത്തനടുക്ക് അയാൾ ഒരു ഒറ്റയാനായിരുന്നു. അടുക്കള തിണ്ണ മേലിരുന്ന് കഴിച്ച ചൂടു ദോശയുടെ ചട്ണിയുടെയും രുചി ഇപ്പോളും നാക്കിൻ തുമ്പത്തിരിക്കുന്നു. കണ്ണ് നിറഞ്ഞിരുന്നതുകൊണ്ട് അയാൾക്ക് മുന്നോട്ടൊന്നും കാണാൻ കഴിഞ്ഞില്ല. അടുത്ത് കണ്ട ചായക്കടയിൽ കയറി ഇരുന്ന് അയാൾ ഒരു വിത്തൗട്ട് ചായയ്ക്ക് പറഞ്ഞു. ചായക്കടക്ക് മുന്നിൽ ബലൂൺ വില്ക്കാനിരിക്കുന്ന ചെറിയ കുടുബത്തെ കണ്ടപ്പോൾ അയാൾക്ക് വാസ്തവത്തിൽ അസൂയ തോന്നി. പണമില്ലെങ്കിലും സൗകര്യങ്ങളിലെങ്കിലും സന്തോഷമുള്ള കുടുംബം. ആ അച്ഛനും അമ്മയും 3 വയസിനടുത്ത് തോന്നിക്കുന്ന  മകളെ ഇക്കിളിയിട്ടു ചിരിപ്പിക്കുകയും അവൾ കേടുവന്ന കുഞ്ഞു പല്ലുകൾ കാട്ടി കുടുകുടാ ചിരിക്കുകയും ചെയ്തു. മനസുകൊണ്ട് ഒരുങ്ങാതിരിക്കുന്നതു വരെ സ്നേഹവും സന്തോഷവും  നമ്മളെ തേടിവരില്ല ചൂടു മസാല ചായ മൊത്തിക്കുടിക്കുന്നതിനിടയിൽ അയാൾ ചിന്തിച്ചു. ചക്ക വാങ്ങിച്ചിട്ടല്ലാതെ ഫ്ലാറ്റിലേക്ക് തിരിച്ച് വരില്ലെന്ന് വെല്ലുവിളിച്ച ആ മനുഷ്യൻ തൊട്ടടുത്ത ട്രാവൽ ഏജൻസിയിൽ കയറി നാട്ടിലേക്കുള്ള നേത്രാവതി എക്സ്പ്രസിനു ഒരു ടിക്കറ്റ് ബുക്ക് ചെയ്തു. തിരിച്ച് ഫ്ളാറ്റിലേക്ക് നടക്കുമ്പോൾ അയാൾക്ക് ഒരു പത്ത് വയസ് ചെറുപ്പം തോന്നിച്ചു. സ്വതവേ മുരടനായ സെക്യൂരിറ്റിക്ക് ഒരു പ്രസന്നമായ ഭാവം..ഫ്ലാറ്റിന്റെ മങ്ങിത്തുടങ്ങിയ ചുമരുകൾ ഒന്ന് പോളിഷ് ചെയ്തെടുത്തതുപോലെ... ജീവിതത്തിൽ ആദ്യമായ് ലിഫ്റ്റിൽ കയറാതെ അയാൾ മൂന്നുനിലകൾ ഓടിക്കയറി.. ഒന്നാം സമ്മാനം കിട്ടിയ ഒരു കൊച്ചുകുട്ടി കണക്കെ തിളങ്ങുന്ന കണ്ണുകളുമായ് അയാൾ ഫ്ലാറ്റിന്റെ മെയിൻഡോറിൽ മുട്ടി....❤️

Comments