മാറ്റുവിൻ ചട്ടങ്ങളെ...
പെൺകുട്ടികൾ സ്വന്തം വീടുകളിൽ സുരക്ഷിതരാണ് എന്നാൽ സ്വതന്ത്രരാണോ?
നല്ല ചോദ്യം!! അതൊക്കെ പണ്ടായിരുന്നു മിസ്റ്റർ ഇന്നത്തെ കാലത്ത് പെൺകുട്ടികൾക്ക് സ്വാത്രന്ത്ര്യം കൊടുക്കുന്ന മോഡേൺ ഫാമിലികളാണ് ഒട്ടുമിക്കതും.
അതെയോ!! എങ്കിൽ എനിക്ക് തെറ്റുപറ്റിയതാവും. സ്വതന്ത്രയായ ഒരു പെൺകുട്ടിക്ക് പിറകിൽ അവളെ വിശ്വാസമുള്ള ഒരു ഫാമിലിയുണ്ടെന്ന Instagram post ഇന്നലെ കൂടെ കണ്ടതാണ്. ഞാനത് മറന്നു. ഒന്നു കൂടെ പറഞ്ഞാ മറന്നതല്ല.. എന്തോ,. എനിക്കതങ്ങ് പൂർണ്ണമായ് ദഹിക്കുന്നില്ല.
സംഭവം ശരിതന്നെ നാട്ടിലും കോളേജിലും സ്കൂളിലുമെല്ലാം സ്ത്രീ അബലയല്ല അവൾക്ക് സ്വാതന്ത്രമാണ് വേണ്ടതെന്ന് തൊണ്ടകീറി പ്രസംഗിക്കുമ്പോൾ ആണായാലും പെണ്ണായാലും സ്വന്തം വീടിന്റെ കർട്ടൻ നീക്കി ഉള്ളിലേക്കൊന്ന് എത്തി നോക്കുക. പ്രെസ്റ്റീജിന്റെയും സോഷ്യൽ സ്റ്റാറ്റസിന്റെയും നാട്ടുനടപ്പുകളുടെയും കണക്കുകൾ കൂട്ടിയും കിഴിച്ചും കഴിഞ്ഞ് അവസാനം അരിച്ചെടുക്കുന്ന ഒരിത്തിരി കുന്നിക്കുരു സ്വാതന്ത്ര്യം പെൺകുട്ടികൾക്ക് മൂക്കിലു വലിക്കാൻ പോലും തികയില്ലാന്നുള്ളതാണ് തമാശ. ആൺമക്കൾ ഉച്ചവരെ കൂർക്കം വലിച്ചു കിടന്നുറങ്ങുമ്പോൾ പെൺകുട്ടികൾ 7 മണിക്ക്ശേഷം ഉറങ്ങുക യെന്നതാണ് ഇന്ത്യൻ മിത്തുകളിൽ പറഞ്ഞു വെച്ചിട്ടുള്ള ഏറ്റവും വലിയ പാപം. വീടിന്റെ ഏതെങ്കിലുമൊരു മൂലയിൽ പൊടിയോ അഴുക്കോ ഇരിക്കുന്നതു കണ്ടാൽ നീട്ടി വിളിക്കുന്ന പേര് അവളുടേതാണെങ്കിൽ ഒരു കഷ്ണം പേരയ്ക്ക കിട്ടിയാൽ പോലും അത് ആദ്യം പോവുന്നത് മേൽപറഞ്ഞ പുംലിംഗത്തിന്റെ വയറ്റിലേക്ക് തന്നെയാണ്. ഇതെന്ത് ന്യായമെന്ന് ആലോചിച്ച് നിക്കുമ്പോൾ തലയ്ക്കിട്ടൊരു കിഴുക്കും തന്ന് ബാക്കി കൂടി വൃത്തിയാക്കെടീ എന്നു പറയും. ശെരിയല്ലേ?
കാലിന്മേൽ കാലു കയറ്റി വെച്ച് ഇരുട്ടുന്നത് വരെ tv കാണാൻ അവൾക്കെന്താ അറിയാഞ്ഞിട്ടാണോ? മറ്റൊരു വീട്ടിലേക്ക് പോവേണ്ടതാണെന്ന വലിയ കള്ളത്തിന്റെ മറവ് പിടിച്ചാണ് എല്ലാ നിഷേധങ്ങളും എന്നതാണ് ദുഃഖകരം. ഒറ്റയ്ക്ക് ജീവിച്ചാൽ, യാത്ര പോയാൽ നിങ്ങൾ പ്രിസേർവ് ചെയ്ത് വെച്ചിരിക്കുന്ന അവളുടെ "virginity" ക്ക് കോട്ടം തട്ടുമെന്ന ഭയമാണോ? അണകെട്ടാതെ സെക്സും പ്രണയവുമെല്ലാം തുറന്ന്കാട്ടാനും വേണ്ടെന്ന് വെയ്ക്കാനും പെൺകുട്ടികൾക്ക് കഴിയില്ലയെന്നത് ഏത് ഭരണഘടനയിലാണ് എഴുതിവെച്ചിട്ടുള്ളത്.? അവർക്ക് ആൺതുണയില്ലാതെ സ്വയം സംരക്ഷിക്കാൻ അറിയില്ലെന്ന് ഏത് വേദപുസ്തകങ്ങളിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്? തങ്ങളുടെ പെൺമക്കൾ നേട്ടങ്ങളും നഷ്ടങ്ങളും അറിഞ്ഞ് തന്നെ വളരട്ടെ എന്ന് ഇന്ത്യൻ പേരന്റ്സ് ചിന്തിക്കാത്തിടത്തോളം ക്വട്ടേഷൻ മാർക്കിലിട്ട് വെയ്ക്കുന്ന നമ്മുടെ സംസ്ക്കാരം പടുകുഴിയിൽ തന്നെ കിടക്കും.
ഇഷ്ടമുള്ള വസ്ത്രം ധരിക്കണമെങ്കിൽ, ഇഷ്ടമുള്ള രീതിയിൽ മുടി കെട്ടിവെയ്ക്കണമെങ്കിൽ എത്ര പേരുടെ സാംങ്ഷൻ പാസാവണം നമുക്ക്. നാട്ടുകാരുടെ ദൃഷ്ടിക്കപ്പുറത്ത് അലസമായ മുടിയും നരച്ച വസ്ത്രങ്ങളും അവളുടെ മാത്രം 'ചോയ്സ്' ആണെന്നുള്ളതിനെ കുറിച്ച് എന്നാണ് വെളിപാടുണ്ടാവുന്നത്. അവൾ ഉച്ചത്തിൽ ചിരിക്കുമ്പോൾ, ശബ്ദമുയർത്തി സംസാരിക്കുമ്പോൾ ചുറ്റുമുള്ളവരെ പേടിച്ച് മിണ്ടാതിരിക്കാൻ പറഞ്ഞാ ചുണ്ടത്ത് ചൂണ്ടുവിരൽ വെച്ചിരുന്നു തീർന്നു പോവുന്നത് ഒരായുസാണെന്ന് ഓർക്കുക. കുടുംബത്തിന്റെ കൂടെയിരുന്ന് ഒരു സിനിമ കാണുമ്പോൾ അതിലെ അശ്ലീല തമാശകൾക്ക് മറഞ്ഞു നിന്നോ മുഖം പൊത്തിയോ ചിരിക്കേണ്ടി വരുന്നത് ബുദ്ധിയുറച്ച കാലം മുതൽ അവളെ പഠിപ്പിച്ച സദാചാര പാഠങ്ങളുടെ ഫലമായിട്ടാണ്. ദേഷ്യം വരുമ്പോൾ തെറി വിളിക്കാനും അശ്ലീലച്ചുവയുള്ള തമാശകൾ പറയാനും നമ്മുടെ പെൺകുട്ടികളെ പഠിപ്പിക്കണമെന്നല്ല പക്ഷേ എന്നെങ്കിലും അങ്ങനെ ചെയ്തു പോയാൽ അതൊരു വലിയ തെറ്റല്ല എന്ന് പറഞ്ഞ് പഠിപ്പിക്കുക. "മനുഷ്യസഹജം" എന്ന വാക്കിന് ആൺ-പെൺ വ്യത്യാസങ്ങളില്ലയെന്ന് മനസിലാക്കിക്കൊടുക്കുക.
ഒരു പക്ഷേ ഇന്ത്യൻ പെൺകുട്ടികൾ പാശ്ചാത്യ സാമൂഹിക വ്യവസ്ഥിതിയെ ആരാധിക്കുന്നതിന്റെ പ്രധാനകാരണം ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അവിടുത്തെ പെൺകുട്ടികൾ ആസ്വദിക്കുന്ന സ്വാതന്ത്ര്യം കൊണ്ടുതന്നെയാവണം. ഒരു ജോലി കിട്ടി എല്ലാം കൊണ്ടും സ്വയംപര്യാപ്തത നേടി കഴിഞ്ഞ ശേഷം മാത്രം ആൺകുട്ടികൾ വൈവാഹിക ജീവിതം തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ പെൺകുട്ടികൾ നേരിടുന്ന ഒരു ''സഡൻ ട്രാജഡി" അവരുടെ വിവാഹമാണ്. ജാതിയും ജാതകവും കുറച്ചു കാർന്നോമ്മാരും ചേർന്ന് അവളുടെ പത്തു നാല്പ്പതു കൊല്ലങ്ങൾ തീരുമാനിക്കുന്നു. ഇത്രയും നാൾ നല്കിയ സ്നേഹവും ഭക്ഷണവും വിദ്യാഭ്യാസവും പോലെ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അവൾക്ക് നിർണ്ണായകമാണെന്ന് എല്ലാവരും സ്വമേധയാ മറക്കുന്നു. എന്റെ മകൾ.. എന്റെ മകൾ എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറയുന്ന നിങ്ങൾക്ക് നിങ്ങളുടെ എല്ലാ തീരുമാനത്തിലും അവൾ നൂറുശതമാനം സന്തോഷവതിയാണെന്ന് പറയാൻ പറ്റുമോ?? അവളെ നന്നായി പഠിപ്പിച്ചു.. ജോലി വാങ്ങിച്ചു കൊടുത്തു.. കല്യാണം കഴിപ്പിച്ചു എന്നതിനൊക്കെ പുറമേ അവളെ പേടിയില്ലാതെ സ്വപ്നം കാണാനും സ്വതന്ത്രമായ് ജീവിക്കാനും പഠിപ്പിച്ചു എന്ന് അഭിമാനത്തോടെ നാലാൾക്ക് മുന്നിൽ പറയാൻ കഴിയട്ടെ ഇന്ത്യയിലെ രക്ഷിതാക്കൾക്ക്. നാളെ ലോകം നിങ്ങളെ ഓർക്കുന്നത് ചിറകു മുളച്ച ഒരു പെൺകുട്ടിയുടെ അച്ഛനമ്മമാരായിട്ടാവണം... അവൾ കീഴടക്കിയ ആകാശങ്ങൾ നിങ്ങളുടേത് കൂടിയാണെന്നോർത്ത് ഹൃദയം കൊണ്ട് ചിരിക്കാൻ കഴിയണം.. പെൺകുട്ടികളുടെ സ്വതന്ത്ര്യ സമരങ്ങളുടെ വിജയങ്ങൾ വീട്ടിൽ നിന്നു തന്നെ തുടങ്ങട്ടെ..❤️
Comments
Post a Comment