കുപ്പിക്കുള്ളിലെ രാത്രികൾ..!!
കുപ്പിക്കുള്ളിലെ രാത്രികൾ..!!
രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും സമാധാനം തരില്ല "നശിച്ച സ്വപ്നങ്ങൾ" , നശിച്ച സ്വപ്നങ്ങളോ !! പകലിനേക്കാൾ മനോഹരമായ രാത്രി സമ്മാനിക്കുന്ന സ്വപ്നങ്ങളെ കൂടുതൽ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. പക്ഷേ, ആ എട്ടുവയസുകാരിക്ക് അവൾ കാണാറുള്ള സ്വപ്നങ്ങളെ പേടിയായിരുന്നു. സംശയിക്കണ്ട മാടനും മറുതയും ഒന്നുമല്ല... അങ്ങനെയുള്ള ദുസ്വപ്നങ്ങളൊന്നും അവളുടെ ഒറ്റ രാത്രികളെയും തിരിഞ്ഞ് പോലും നോക്കിയിട്ടില്ല. എന്നാൽ അതിനേക്കാൾ അവൾക്ക് പേടി കൃത്യമായ് വ്യക്തതയില്ലാത്ത, എല്ലാ രാത്രികളിലും അവളെ തേടി എത്താറുള്ള മങ്ങിയ, ഇരുണ്ട സ്വപ്നങ്ങളെയായിരുന്നു. കുറേ കുഞ്ഞു മനുഷ്യർ, അവർ ദ്രുതഗതിയിൽ കൂടിചേർന്ന് വലിയ ഭീമാകാരനായ ഒരു മനുഷ്യനായ് മാറുന്നു. മനുഷ്യൻ എന്ന് പറയാമോ എന്നറിയില്ല. ഒരു സത്വം !! സത്വത്തിന് പേടിപ്പെടുത്തുന്ന മുഖമോ വലിയ ദംഷ്ട്രങ്ങളോ ഒന്നുമില്ല. വായിൽ നിറയെ കേടുവന്ന പല്ലുകളും ഒറ്റക്കണ്ണും നീണ്ട മൂക്കുമുള്ള ഒരു രൂപം.. ഇത് തന്നെ എല്ലാ രാത്രികളിലും ആവർത്തിച്ചു കൊണ്ടേയിരുന്നു. ആ ചെറിയ പെൺകുട്ടിക്ക് അവളുടെ സ്വപ്നങ്ങളെ ഇഷ്ടമല്ലായിരുന്നു. ഉറങ്ങാൻ നേരം കണ്ണുകൾ മുറുക്കി അടച്ചിട്ടും തലയിണയിൽ മുഖം അമർത്തി കിടന്നിട്ടും ആ ചെറിയ മനുഷ്യരും വലിയ സത്വവും അവളെ വിട്ടു പോയതേയില്ല. കൂട്ടുകാരൊക്കെ ദൂരനാടുകളിൽ യാത്രപോവുന്നതും നന്നായി പഠിച്ച് വലിയ ആളാവുന്നതുമെല്ലാം സ്വപ്നം കാണുമ്പോൾ അവൾക്ക് മാത്രം തീർത്തും അപരിചിതമായ സ്വപ്നങ്ങളാണുണ്ടായിരുന്നത്. നാണക്കേടു കൊണ്ടോ ഇഷ്ടമില്ലാത്തതു കൊണ്ടോ അവൾ അതൊന്നും ആരോടും പറഞ്ഞില്ല. പക്ഷേ നാട്ടിലെ മതിലുകളിലെല്ലാം വലിയ അക്ഷരങ്ങളിൽ എനിക്കാ രാക്ഷസനെയും അവന്റെ കുള്ളന്മാരായ പടയാളികളെയും ഇഷ്ടമല്ലാന്ന് എഴുതിവെക്കണമെന്ന് അവൾക്ക് തോന്നിയിട്ടുണ്ട്. ഒരുപക്ഷേ അമ്മയുടെ ഒപ്പം കിടന്നാൽ അവർ പേടിച്ചോടിയേക്കാം പക്ഷേ അങ്ങനെ ഒരു പതിവ് വീട്ടിലില്ലാത്തതിനാൽ അതിനനുവാദം ചോദിക്കാനും അവൾ മടിച്ചു. പിന്നീടങ്ങോട്ട് അതവൾടെ രാത്രികളുടെ പറിച്ച് മാറ്റാൻ പറ്റാത്ത ശേഷിപ്പായ് മാറി.. വേറെയും പല സ്വപ്നങ്ങൾ കാണാൻ കഴിയുമെന്ന് അവൾ മനപൂർവ്വം മറന്നു. ആ മൂന്നാം ക്ലാസുകാരിയുടെ സ്വപ്നങ്ങളും ഇഷ്ടങ്ങളും വളർന്നു. പക്ഷേ വർഷങ്ങൾക്കിപ്പുറം ഇരുപത്തിരണ്ടാമത്തെ വയസിലും അവളുടെ രാത്രികൾ നശിപ്പിച്ച ശത്രുക്കളെ അവൾ മറന്നില്ല. അവർ രാത്രികൾ വിട്ട് പട്ടാപകൽ അവളുടെ ചിന്തകളിൽ വന്നു പൊയ്ക്കൊണ്ടിരുന്നു. അവൾ മനുഷ്യക്കോലമില്ലാത്ത, വ്യക്തമായ് ഒന്നു നിർവചിക്കാൻ പോലും കഴിയാത്ത ആ രൂപങ്ങൾക്ക് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഹൃദയത്തിൽ വലിയ സ്ഥാനം നല്കിയിരിക്കുന്നു. മനുഷ്യരൂപമുള്ള, സുന്ദരന്മാരും സുന്ദരികളുമായ, നന്നായ് ചിരിക്കാൻ കഴിയുന്ന കപടരേക്കാൾ ആ സത്വത്തെയും അവന്റെ കുറുകിയ മനുഷ്യരേയും അവൾ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു, എന്തെന്നാൽ
അപരിചിതർ ചില പരിചിതരേക്കാൾ സുരക്ഷിതമാണ്...❤️
Comments
Post a Comment