കൊറോണക്കാലം പഠിപ്പിച്ചത്..
കൊറോണക്കാലം പഠിപ്പിച്ചത്..!
എന്തൊക്കെയായിരുന്നു പുകില്...നിക്കാൻ നേരമില്ല.. ഇരിക്കാൻ നേരമില്ല തിരക്കോട് തിരക്ക്, എന്നിട്ടോ ലോകത്തുള്ള സകലരെയും ഞെട്ടിച്ച് പുതിയ രൂപത്തിലും നാമത്തിലും ആ വില്ലൻ അവതരിച്ചപ്പൊ 21 ദിവസം നമ്മളെല്ലാരും പെട്ടീം പൂട്ടി ദേ കിടക്കുണു വീട്ടിൽ... ഒരു രണ്ട് ദിവസമെങ്കിലും ലീവ് താ സാറേ എന്ന് കെഞ്ചിയവരുടേം നാട് കാണാൻ കൊതി ആവുന്നൂന്ന് പറഞ്ഞവർടേം ഒക്കെ ഗൃഹാതുരത്വത്തിന് കിട്ടിയ എട്ടിന്റെ പണിയായ്പോയി ഈ ലോക്ക്ഡൗൺ ന്ന് പറഞ്ഞാ മതീല്ലോ. വീട്ടിലിരുന്ന് മടുത്തു, ബോറടി സഹിക്കാൻ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞ് നിലവിളിക്കാതെ ഈ കൊറോണക്കാലം നമ്മളെ പഠിപ്പിച്ചത് എന്തൊക്കെയാണെന്ന് ഒന്ന് ഓർത്തു നോക്കിയാ രസായിരിക്കും ല്ലേ !?
വീട്ടിലിരിക്കാൻ പൊതുവേ നല്ല മടിയുള്ള കൂട്ടത്തിലാണു ഞാൻ.. അമ്മയുടെ expiry date കഴിഞ്ഞ ഉപദേശങ്ങൾ കേൾക്കാൻ വയ്യാന്നുള്ളതാണ് പ്രധാന കാരണം. പക്ഷേ കേൾക്കാൻ ഇഷ്ടല്ലാത്ത ഉപദേശങ്ങൾ മാത്രമല്ല വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടം തോന്നുന്ന ഒത്തിരി കഥകളും ആൾടെ കയ്യിലുണ്ടെന്ന് ഇപ്പോഴല്ലേ തിരിഞ്ഞത്. ആ കഥകളുടെ കൂട്ടത്തിൽ അച്ഛൻ പെണ്ണ് കാണാൻ വന്നതു മുതൽ സൽക്കാരത്തിന് ബിരിയാണി വെച്ച കഥവരെയുണ്ട്. ഈ കഥകളുടെ കൂടെ നല്ല രുചിയുള്ള ഭക്ഷണം കൂടിയായാലോ ആഹാ പരമാനന്ദം!! കൊറോണക്കാലം തുടങ്ങിയേ പിന്നെ പുറത്തൂന്ന് പച്ചക്കറി വാങ്ങൽ പൊതുവേ കുറവാണ് ഒന്നൂടെ പറഞ്ഞാൽ നന്നെ കുറവാണ്. രാവിലെ ആവുമ്പോ അച്ഛൻ പറമ്പിലോട്ടിറങ്ങി ചക്കയോ മാങ്ങയോ ഉണ്ണിത്തട്ടയോ എന്തേലും ഒക്കെ എടുത്തോണ്ട് വരും. പിന്നെ ചക്കക്കുരു മാങ്ങയും മുരിക്കാക്കോലും ഇട്ട് മൺച്ചട്ടിയിൽ ഒരു 20 മിനുട്ട് തിളച്ച് കഴിഞ്ഞാ സ്വർഗം കണ്ടു പോവും അത്രക്ക് രുചിയാണ്. അമ്മേടെ സ്വാധീനം ചെറുതായ് എന്റെ പാചകത്തിലും കണ്ട് തുടങ്ങീട്ടോ.. ഭൂലോക മടിച്ചിയായിരുന്ന ഞാൻ കേക്കും തിയ്യലും അച്ചാറിടലും ഒക്കെയായി ഇച്ചിരി busy ആയീന്നുള്ളത് സത്യം. ഇതിന്റെ ഇടേൽ സിനിമകൾ കാണാൻ ധാരാളം സമയം കിട്ടണതാണ് മറ്റൊരാനന്ദം. ദിവസവും കിട്ടണ 1.50 gbക്ക് പുറമേ 21 രൂപേടെ എക്സ്ട്രാ ഓഫർ കൂടെ ചെയ്താണ് ഇപ്പോ സിനിമകൾ ഡൗൺലോഡ് ചെയ്ത് കാണാറ്. സിനിമകൾ തരുന്ന മാജിക്ക് ഒന്നും വേറെവിടേം ഞാൻ കണ്ടിട്ടില്ല. പല ഭാഷകൾ.. പല ചിത്രങ്ങൾ എല്ലാം കൂടെ ബെഡ്റും ഇപ്പൊ ഒരു മിനി തീയറ്ററായ്... പണ്ടെങ്ങാൻ മറന്നു വെച്ച പ്രിയപ്പെട്ട അക്ഷരങ്ങളൊക്കെ വീണ്ടും ചിണുങ്ങി അടുത്ത് കൂടിയിട്ടുണ്ട്. "Touch വിട്ട് പോയ് " എന്ന സ്ഥിരം ജാഡ ഡയലോഗ് ഇനി പറയേണ്ടി വരില്ല കാരണം ലോക്ക് ഡൗൺ തുടങ്ങിയേ പിന്നെ എല്ലാ വാക്കുകളും കഥയായും കവിതയായും ഒക്കെ എന്റെ കൂടെ തന്നെയുണ്ട്. പ്രിയപ്പെട്ടവർക്ക് message അയക്കാനും video conference നടത്താനും ഇപ്പൊ ഒരുപാട് സമയമുണ്ടല്ലോ. ചെറിയ ചെറിയ missing കൾ മാറ്റിവെച്ചാ ലോക്ക്ഡൗൺ കാലം ലളിതം..
സുന്ദരം.
'ഏകാന്ത വാസം' എന്നു പറയണ മനോഹര സങ്കല്പം ഒറ്റക്കിരുന്ന് ആ സ്വദിക്കാതെ ചുറ്റുമുള്ളവരുടെ കൂടെ ഒന്ന് പങ്കിട്ടുനോക്കിയാലോ !! അതിനെ പിന്നെ എങ്ങനെ ഏകാന്തത എന്നു വിളിക്കും അല്ലേ.?
ചില കാര്യങ്ങൾ ഒറ്റക്കിരുന്ന് ആനന്ദിക്കുന്നതിനേക്കാൾ സൗന്ദര്യം പങ്കിട്ടെടുക്കുമ്പോൾ ആണെന്ന് പറയാറില്ലേ. അത്ര തന്നെ കാര്യം.
ഇടയ്ക്കൊക്കെ മുറ്റത്തേക്കിറങ്ങി ഈ ശുദ്ധവായു ശെരിക്കും ആസ്വദിക്കാം നമുക്ക്, കാരണം സമാധാനായിട്ട് ഒന്ന് ശ്വസിക്കാൻ പോലും സമയം കിട്ടാത്ത ഓട്ടപ്പാച്ചിലുകൾ വീണ്ടും തുടങ്ങും. ഇപ്പോ മുറിക്കകത്ത് വെറുതേ കുത്തിയിരുന്ന് മുഷിഞ്ഞതിന് അന്ന് നഷ്ടബോധം തോന്നരുതല്ലോ. ഇരട്ടി മധുരത്തിൽ തിരിച്ച് തരാൻ വേണ്ടി ഈ ഒളിപ്പോരു ദിനങ്ങളൊക്കെ കാലം പെറുക്കിക്കൂട്ടി വെക്കുന്നുണ്ടാവും. അത് നമ്മുടെ നാടിന് വേണ്ടി കൂടിയാവുമ്പോ ഇച്ചിരി മധുരം കൂടും എന്ന്മാത്രം
#we_shall_overcome❤️
Comments
Post a Comment