തുരുത്ത് 🖤

ഒറ്റപ്പെടലിൻ്റെ കഥകൾ എനിക്കിനിയും വായിക്കാൻ കഴിഞ്ഞിട്ടില്ല.. അല്ലെങ്കിലും ഞാനെപ്പോഴാണ് ഒറ്റക്കായിട്ടുള്ളത്...!! കവിതകളിൽ, കാറ്റിൽ, കണ്ടു മറന്നതിലൊക്കെയും നിൻ്റെ, നിൻ്റെ മാത്രം നിറങ്ങൾ ആകാശവും ആൾക്കൂട്ടവും ഒരുപോലെ നിൻ്റെ കാല്പനിക ഭാവത്തിൻ്റെ സകല അർത്ഥങ്ങളും നിർന്നിമിഷം ഗ്രഹിച്ച് ഭൂമിക്ക് രണ്ട് പൂമ്പാറ്റ ചിറകുകൾ നൽകി ഞാൻ പതിവിലും വേഗതയോടെ സ്വത്വത്തിൽ നിൻ്റെ ഗന്ധം വഹിച്ച് അനന്തതയിലേക്ക് നടന്നടുക്കയാണ്. യുക്തിക്കും ആശ്ചര്യങ്ങൾക്കും നല്കാൻ എൻ്റെ കയ്യിൽ ഉത്തരങ്ങളില്ല എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം നീയായിരുന്നല്ലോ നീ മാത്രം നമ്മുടെ ഇന്നലെകൾക്കിപ്പോൾ എൻ്റെ ഞരമ്പിൻ്റെ നിറമാണ്. നിലാവിൻ്റേതല്ല പടർന്നു കയറിയ മതിൽപച്ചയുടേതുമല്ല ഞരമ്പിൻ്റെ, കടുംനീലക്കും പച്ചയ്ക്കുമിടയിലെ അമ്പരപ്പിൻ്റെ നിറം... മൂന്നാമതൊരാൾക്ക് അപ്രാപ്യമായ മഴയ്ക്കും മുറിയിലെ ഇരുട്ടിനും മാത്രം കേട്ടുകേൾവിയുള്ള നമ്മുടെ മാത്രം തുരുത്തുകൾ...