ഇന്നലെകളും അവിടുത്തെ മൊസാണ്ടപ്പൂക്കളും

ഇന്നലെകളും അവിടുത്തെ മൊസാണ്ടപ്പൂക്കളും ഉമ്മറപ്പടികളിൽ ഇപ്പോഴും പഴയ കാറ്റിൻ്റെ മണം... എന്നോ ഇറുത്തു കഴിഞ്ഞ ഇളം ചുവപ്പു നിറത്തിലെ മൊസാണ്ടപ്പൂക്കൾ മുറ്റത്തെ കിഴക്കേ മൂലയിൽ ഇപ്പോഴും പൂത്തുലഞ്ഞു നില്പുണ്ട്. വന്യമായ ആകാശത്തേക്ക് വെറുതേ നോക്കി നിൽക്കുമ്പോൾ തട്ടിൻപുറത്തെ ഭരണികൾക്ക് ജീവൻ വെക്കുന്നുണ്ടെന്ന് തോന്നും. അച്ചമ്മ അടുക്കളക്കോലായിൽ തൈരു കടയുന്ന ശബ്ദം കേൾക്കും.. നാവ് മേൽച്ചുണ്ടിൽ തട്ടി ശബ്ദം വരുത്തുമ്പോൾ ആ വറുത്തരച്ച ചക്കക്കൂഞ്ഞുകറിയുടെ രുചി ഞങ്ങൾ മറന്നിട്ടില്ലെന്ന് രസമുകുളങ്ങൾ ഓർമ്മപ്പെടുത്തും. പറമ്പിലെ പച്ചമാങ്ങക്കും അടുക്കളയിലെ പഴയ ടിന്നിലെ പൊടിയുപ്പിനും എത്ര മോഷണങ്ങളുടെ കഥ പറയാനുണ്ടാവും. ദൈവവിചാരങ്ങൾ ഇത്ര സങ്കീർണ്ണമല്ലാതിരുന്ന ദിവസങ്ങളിൽ ഒരു കുഞ്ഞു കൂട്ടം നീളൻ വരാന്തയിലുരുന്ന് നാമം ചൊല്ലാറുണ്ടായിരുന്നു. ആരേലും വരുന്നുണ്ടോന്ന് നോക്കി ഒറ്റക്കണ്ണിറുക്കി ചിരിച്ച ആ ചെറിയ കുട്ടികളുടെ ചിത്രങ്ങൾക്ക് ഇന്നും നല്ല വിളക്കെണ്ണയുടെ മണം. ആഴ്ചയൊരിക്കൽ സ്ക്കൂളിൽ കൂട്ടിക്കൊണ്ട് പോവാൻ എത്താറുള്ള നല്ല ചിരിയുള്ള , മൊട്ടത്തലയുള്ള ശങ്കരൻ നായരും എപ്പോൾ കണ്ടാലും മുടി കൊഴിഞ്ഞു പോയല്ലോ ക...